8പീഎം
"ആരും കടലിലേക്ക് ഇറങ്ങുകയോ, മത്സ്യ ബന്ധനത്തിന്‍ പോവുകയോ ചെയ്യരുത്, തികഞ്ഞ ജാഗ്രത പാലീക്കുക" പോലീസ് അവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഒരേ ഒരു കാര്യമായ വാണിംഗ് മെസ്സേജ് കൊടുത്തു... അതിനു ശേഷം ഒരു കാര്യം കൂടീ പറഞ്ഞു... അതുപിന്നെപ്പറയാം...
ഇന്‍ഡോനേഷ്യയിലും കേരളത്തിന്റെ പലഭാഗങ്ങളിലും ആഞ്ഞടിച്ച സുനാമി എല്ലാരും ഓര്‍ക്കുന്നുണ്ടാവും... ആ സംഭവത്തിന്‍ ശേഷം എന്താണ്ട് ഒന്ന് രണ്ട് ആഴ്ച കഴിഞ്ഞ് ഒരു സുനാമി ത്രെട്ട് കൂടി വന്നിരുന്നു ഇന്‍ഡോനേഷ്യയില്‍ സുനാമി അടിച്ചത് അവരുടെ കയ്യിലിരിപ്പ് കൊണ്ടാണെന്ന് സമാധാനിക്കാം, കേരളത്തില്‍ അടിച്ചതോ?? എന്തൊക്കെയായാലും ശരി എല്ലാര്‍ക്കും സെക്ന്‍ഡ് വാണിംഗ് ഇല്‍ ഒരു ചെറിയ പേടി ഉണ്ടായിരുന്നു... ഞങ്ങള്‍ക്കും ഉണ്ടായിരുന്നു എന്ന് കൂട്ടിക്കോളൂ ... എന്റെ വീട്ടില്‍ നിന്നും ബീച്ചിലേക്ക് ഏതാണ്ട് രണ്ട് കിലോമീര്‍ മാത്രമേ ഉള്ളൂ....
11 പിഎം
" വെള്ളം ധേ ---------- തീയറ്ററിന്റെ അടുത്തെത്തി.. മോളേ ഞങ്ങളു പോവാ, തൃശ്ശൂരീന്നു ആങ്ങള വന്നിട്ടുണ്ട്, അവനു പേടി, അതോണ്ട് ഞങ്ങളു തല്‍ക്കാലം തൃശ്ശൂര്‍ക്ക് വിടുവാ..." അമ്മയോടാണ് അയല്വാസി ... ഒരു ചെറിയ നിലവിളിയുടെ "ഫെയിസ് കട്ട്" ഉണ്ടായിരുന്നു ആ പറച്ചിലിന്‍
ഉറക്കത്തില്‍ നിന്ന് എണീറ്റ ഉടനേ ശബ്ദം കേട്ടപ്പോ ഞാന്‍ കരുതി അയല്‍ക്കാരി ബ്യൂട്ടി അമ്മാമ്മ പോയീന്ന്... എല്ലാരും കൂടെ പോവാണെന്ന് പറഞ്ഞപ്പ്പോ ഒന്നും മനസ്സിലായില്ല.. റൂമില്‍ നിന്നു ഇറങ്ങി നോക്കുമ്പോ മുറ്റത്ത് കെട്ടും ഭാണ്ഡവും ഒക്കെയായി അയല്വാക്കം നിരന്നു നിക്കുന്നു.. പോലീസ്കാര്‍ വന്നേതാണ്ട് പറഞ്ഞു പോയെന്നും, ആര്‍ക്കും പേറ്റിയൊന്നുമില്ല എന്നാലും കടലിനോട് വാശിപിടിച്ച് ജയിച്ചാല്‍ സമ്മാനം ഒന്നും കിട്ടില്ലാലോന്ന് ഓര്‍ത്ത് മാത്രമാണെല്ലാരും സ്ഥലം വിടുന്നെന്ന് വളരെക്കുറഞ്ഞസമയംകൊണ്ട് മനസ്സിലായി....
റോഡില്‍ അതിനെക്കാളും വലിയ ബഹളം.. പിക്‍നിക്കിന്‍ പോകുന്ന പോലെ ഒരു ഉത്സാഹം ചിലരുടെ മുഖത്ത് ... വേഗം അമ്മയേയും അനിയനേയും കൊണ്ട് ഇലയച്ഛന്റെ വീട്ടില്‍ക്കൊണ്ട് പ്രതിഷ്ഠിച്ച് ഞാനും സുഹൃത്തും തിരിച്ച് വീട്ടിലേക്ക് വിട്ടു.... അളിയാ അവസാനമായിട്ട് ഒന്നുകൂടണ്ടേടാ എന്നുകൂട്ടുകാരന്‍... ഇല്ലെടാ നീ സമാധാനപ്പെട്, നമുക്ക് കവലയില്‍പ്പോയി ഒന്ന് നോക്കിയിട്ട് വരാം.. എന്താ നടക്കുന്നേന്ന് അറിയാല്ലൊ... എന്നുപറഞ്ഞ് വീടിന്റെ അടുത്തുള്ള നാലുംകൂടിയ ജംഗ്‌ഷനിലേക്ക് വച്ചുപിടിച്ചു...
വീട്ടീന്നിറങ്ങിയതും ഒരു ബസിനു തികച്ച് പോവാന്‍ പറ്റാത്ത റോഡിലൂടെ ദാ രണ്ട് ബസുകള്‍ ചീറിപ്പാഞ്ഞുപോവുന്നു... നാട്ടിലെ ഒരു ബസ് മുതലാളി അബദ്ധവശാല്‍ നാട്ടുകാരേ സഹായിക്കാന്‍ ബസു വ്വിട്ട് കൊടുത്തതാണ്‍... അതുമനസ്സിലാക്കിക്കൊണ്ട് തന്നെ നാട്ടുകാരും സഹകരിച്ചു... ബസ് ഓടിച്ചിരുന്നത് അഥവാ ഓടിപ്പിച്ചിരുന്നത് നാട്ടുകാരുതന്നെയാരുന്നു...
ബസിന്റെ കടന്നാക്രമാണിഅത്തില്‍ നിന്നുരക്ഷപ്പെട്ട് കവലയിലെത്തി... പുറപ്പാട് സിനിമയില്‍ കണ്ടപോലെ പെട്ടിയും കിടക്കയും തോര്‍ത്തും ഒക്കെയ്യെടുത്ത് പടിഞ്ഞാറൂന്ന് ആളുകള്‍ പരക്കം പായുന്നു..നേരെ പീടികത്തിണ്ണയിലെക്ക് നടന്നു... അവിടെച്ചെന്നപ്പോ കൊറെ ചുള്ളന്മാര്‍ 'ഫെയര്‍ & ലവ്‌ലിയും' പൌഡറും ഇട്ടു കുട്ടപ്പന്മാരായി വന്ന് നിരന്നിരിപ്പുണ്ട്.... ആസ് യൂഷ്വല്‍ ഞങ്ങളും ഈ "ഡിസാസ്റ്റര്‍" നേരില്‍ക്കാണാനും പടിയ്ക്കാനും ഇരുപ്പായി ,... ആളുകള്‍ വണ്ടുയും പെട്ടി ഓടോറീക്ഷയും സൈക്കിളും ടൂവീലറും ഒക്കെആയി "രക്ഷപ്പെടുകയാണ്‍" ... നടന്നു/ഓടിപ്പോവുന്നവരുമുണ്ട് ..... ചിലര്‍ ആടിനേയും പശുവിനേയും കയ്യില്‍ പിടിച്ചിട്ടുണ്ട് ... പല പരിചയക്കാരുമുണ്ട് പോവുന്നവരുടെ കൂട്ടത്തില്‍..."ഈ നേരത്തും നീയൊക്കെ വായിനോക്കി ഇരിക്കുന്നുണ്ടല്ലോടാ"ന്നും പറഞ്ഞു കേട്ടതും ഞങടെ കൂട്ടത്തില്‍ ഒരുത്തന്‍ ചൂടായി "അപ്പാപ്പോ ദേ ഒരു സ്ഉനാമിയങ്ങടു തന്നാലുണ്ടല്ലാ പിന്നെ ഗഡ്ഡീ.. ആ "
-----------------------------------------------------------------------------------------------------------------------------------------------------
"മോളേ നീ ഡിഗ്രീ സര്‍ട്ടിഫിക്കേറ്റ് എടുത്തോടീ ..?" നടന്നുപോണ വഴിക്ക് ന്നമ്മുടെ പരിചയക്കാരന്‍ ചേട്ടന്‍ മോളോട് ... ലവളു കയ്യിലുണ്ടാരുന്ന ബാഗിലൊന്ന് തപ്പി ന്നോക്കിയിട്ട് തലയാട്ടി... ഉണ്ടച്ഛോ ഉണ്ട് എന്ന ഭാവേന... ആയമ്മ പ്രീഡിഗ്രിയും തയ്യലും ടൈപ്പിംങ്ങും കമ്പ്യൂട്ടറും തോറ്റ് നില്ക്കാണെന്നു ഭൂലോകര്‍ക്ക് മൊത്തമറിയാം ..."ചേട്ടായി ഈ സുനാമീടെ ഇടയ്ക്ക് തന്നെ മോള്‍ക്ക് ചെക്കനെ നോക്കണോ..വേഗം സ്ഥലം വിടാന്‍ നോക്കു ചുള്ളാ" ...കമന്റു ഉടനടി!
-----------------------------------------------------------------------------------------------------------------------------------------------------
ഇതുവരെ പോയവരില്‍ ഏറ്റവും തിരക്ക് ഇവര്‍ക്കായിരുന്നു എന്‍ന്‍ തോന്നി...ആ നിലക്കായിരുന്നു നടപ്പിന്റ്റ്റെ സ്പീഡ് .. കയ്യില്‍ സാമാന്യം വലിയ പെട്ടിയും ഒരു കവറില്‍ കുറച്ച് തുണികളും ഒക്കെയുണ്ട് ... പെട്ടന്ന്ന്‍ കൂടെയുണ്ടാരുന്ന്ന സ്ത്രീ എന്തോ മറന്ന പോലെ ആലോചിചിക്ട്ട് കെട്ടിയോനോട് കാതില് എന്തോ പറഞ്ഞിട്ട് പടിഞ്ഞാറോട്ട് തന്നെ തിരിച്ച് നടന്നു..." ഡീ @##%%$&&^**##@ ഇവിടെ വാഡീ... ഓരോരുത്തര്‍ എങ്ങനേലും രക്ഷപ്പെടാന്‍ നോക്കുമ്പോഴാ..." അതു കേട്ടപാതി കേള്‍ക്കാത്തപാതി ഒന്ന് പരിഭവിച്ച്, ചേച്ചി പഴയ സ്പീഡില്‍ തന്നെ ഗ്ഗെയിന്‍ ചെയ്ത് ലീഡിംഗ് ആയി നടന്നു ..." വീടിന്റീ താക്കോലെടുത്ത് അവള്‍ക്കിനി ##%^%$^^&%#$@@ ല്‍ വെക്കണമെന്ന് '.... ചേട്ടന്‍ ഞങ്ങളോട് തന്നെയാ പറഞ്ഞേ... ചേട്ടനറിയാം പറഞ്ഞില്ലെങ്കില്‍ അതാരെങ്കിലും ഇന്‍സ്റ്റന്റായിട്ട് ചോദിയ്ക്കുമെന്ന് ...
-----------------------------------------------------------------------------------------------------------------------------------------------------
ഹൈ കുറച്ചു നേരത്തെ പോയ പെട്ടി ആട്ടോ അല്ലെ ഇതു..അതിനേക്കാളും സ്പീടിലു ദേ തിരിച്ചു പടിഞ്ഞാട്ടു പോണു..അതെല്ലോ നേരത്തെ കണ്ടതാണല്ലോ..അതിന്റെയും ഇരട്ടി സ്പീടില്‍ കിഴക്കോട്ടു തന്നെ പോയപ്പോഴാ കാര്യം പിടികിട്ടിയതു..ഒരു മുതിറ്ന്ന പൌരനെ മറന്നു വെച്ചിട്ടാ കുടുമ്മക്കാരു നേരത്തെ പെട്ടീം ഭാണ്ടോം കൊണ്ടു സ്ഥലം വിട്ടതു..എടുക്കാന്‍ വന്നതാ..
-----------------------------------------------------------------------------------------------------------------------------------------------------
എല്ലാരേം നോക്കി നോക്കി ബോറഡിച്ചപ്പോ പിന്നെ ഞങ്ങള്‍ തമ്മില്‍ തമ്മില്‍ ചര്‍ച്ചയായി.... കടന്ന്പോയവരെക്കുറിച്ചും, വരാനിരിക്കുന്നവരെക്കുറിച്ചും, ഇനി വന്നാല്‍ എങ്ങനെ സഹായിക്കണമെന്നതിനെക്കുറിച്ചും കൂലങ്കഷമായ ചര്‍ച്ച .... അളിയാ ദെ ബീച്ച് ഫെസ്റ്റിവലിന്‍ കടപ്പുറത്ത് കെട്ടിയ സ്റ്റേജ് കടലുകൊണ്ട് പോയെടാ .... എന്‍ ഒരുത്തന്‍.. അത് കടലല്ല നാട്ട് കാരുതന്നെയാണ്‍ കൊണ്ട്പോയതെന്ന് വേറൊരുത്തന്‍.... അങ്ങനെ സല്ലപിച്ചിരിക്കുമ്പോള്‍ സുഹൃത്തിനൊരു കോള്‍ "ഡാ നീ വന്നേ, താക്കോല്‍ തറാം, നീ സ്കൂള്‍ ഒന്നുതുറന്ന് കൊടുത്തേ... കുറേ ആള്‍ക്കാര്‍ പടിഞ്ഞാറൂന്ന് വന്നിട്ടുണ്ട്, സ്കൂള്‍ തുറക്കണമെന്ന് പറഞ്ഞു"... അവന്റെ അമ്മ ആ എല്‍പി സ്കൂളിന്റെ ഹെഡ് മിസ്ട്രസ്സ് ആണ്‍ .. ലവന്‍ വേഗം പോയി കീ വാങ്ങി സ്കൂള്‍ തുറന്ന് കൊടുത്തു..... "അഭയാര്‍ത്ഥികള്‍" ഓരോരുത്തരായി സെറ്റില്‍ ആയിത്തുടങ്ങി .... ഏതാണ്ട് സ്കൂള്‍ നിറഞ്ഞു എന്ന് പറയാം .... ഞങ്ങ്ങള്‍ അവിടെനിന്ന് കവലയില്‍ തിരിച്ചെത്തി
കുറച്ച് കഴിഞ്ഞപ്പോള്‍ റോഡിലൂടെ സ്കൂളില്‍ നേരത്തേകണ്ട പല മുഖങ്ങളും ഓടിക്കിതച്ചോണ്ട് കിഴക്കോട് ഓടുന്നു... ഒന്നും മനസ്സിലായില്ല... പിന്നീട് ഒരുത്തനെ പിടിച്ച് നിര്‍ത്തി ചോദിച്ചപ്പോഴാ കര്യം പിടികിട്ടിയത്.... സ്കൂള്‍ നില്‍ക്കുന്നത് സുനാമിയുടെ "റെയിഞ്ചി"നകത്താണെന്നും, സാമാന്യം ചെറിയ രീതിയില്‍ ഒരു സുനാമി അടിച്ചാല്‍ സ്ക്ലൂളും പറമ്പും കടപ്പുറമാവുമെന്ന് എല്ലാര്‍ക്കും മനസ്സിലായത് വൈകിയാണ്‍ .... ഇതൊന്നും മനസ്സിലാകാതെയാണ്‍ ചുള്ള്ന്മാരും ചുള്ളികളും കിട്ടിയ സ്ഥലത്ത്കേറി നേരത്തേ ടെന്റ് കെട്ടിയത്.....
----------------------------------------------------------------------------------------------------------------------------------
ലവന്‍ പള്‍സര്‍ കൊണ്ട്‌വന്ന് ബ്രേക്ക് ഇട്ട് നിര്‍ത്തി ..."ഡാ ഞാന്‍ മാമന്റെ വീട്ടിലേക് പോവാ... എല്ലാരും വിളിയോട് വിളി... വേഗം ചെല്ലാന്‍ പറഞ്ഞു... ഞാനില്ലാന്ന് പറഞ്ഞതാ... സമ്മതിയ്ക്കുന്നില്ല.. അല്ലാണ്ട് എനിക്ക് പേടിയൊന്നുമുണ്ടായിട്ടല്ല..."
"ഉവ്വേ കൂ പോടാ പേടിത്തിണ്ടാ ഹ ഹ ".....പേടിയില്ല പോലും!
ഏതായാലും ലവന്റെകൂടെ ഞങ്ങളും വണ്ടിയെടുത്ത് സെന്ററു വരെപ്പോയി ... അവിടെ ചെന്നപ്പോ പാതിരാത്രി 2 മണിയ്ക്ക് പൂരപ്പറമ്പ് പോലെ ആള്‍ക്കാര്‍ ... എന്തായാലും വന്നതല്ലേ പെട്രോള്‍ അടിച്ചിട്ട് പോവാ എന്ന് കരുതി നേരേ പെട്രോള്‍ സ്റ്റേഷനിലേക്ക് ... അവ്വിടെ ചെന്നപ്പോ ഒടുക്കാത്തെ ക്യൂ ... നാട്ടൂകാര്‍ കിട്ടിയ ഇന്ധനവും അടിച്ച് പറ്റാവുന്ന ദൂരത്തേക്ക് പോവുകയാണ്‍.... നേരമില്ലാത്ത നേരത്ത് ഡീസല്‍ വണ്ടിയ്ക്ക് പെട്രോളും പെട്രോള്‍ വണ്ടിക്ക് ഡീസലും അടിച്ച പമ്പിലെപയ്യനെ നാട്ടുകാര്‍ അടിച്ചില്ല്ല .... "വന്നിട്ട് കാണാമെടാ എന്ന് മാത്രം" .... "മിക്സ്" ചെയ്യാന്‍ മണ്ണെണ്ണ കിട്ടാത്തത് കൊണ്ട് പെട്രോളിന്റെ ക്വാളിറ്റി കുറഞ്ഞ്പോയെന്ന് പെട്രോല്‍ ബങ്ക് ഓണര്‍ക്ക് വിഷമം ....
ഞങ്ങള്‍ "എണ്ണ" നിറയ്ക്കാതെ തിരിച്ച് കവലയിലേക്ക്ക്.. പോരുന്ന വഴിക്ക് റോഡ് സൈഡീല്‍ കേട്ടുപരീചയും കണ്ട് പരിചയവുമുള്ള ഒരു ശബ്ദ സൌകുമാര്യം .... നോക്കുമ്പോ ഇമ്മടെ ചുള്ളന്‍ ബിവറേജ് ഷോപിന്റെ ലോക്ഡ് ഷട്ടര്‍ വലിച്ച് പൊക്കാന്‍ ന്നോക്കുകയാണ്‍ ...."ഉപ്പുവെള്ളം കുടിച്ച് മരിക്കാന്ന് എനിക്ക് മനസ്സിലെടാ പട്ടികളെ ... മരിക്കണെങ്കില്‍ ലാവിഷായിട്ട് കള്ളുകുടിച്ച് തന്നെ മരിക്കണം ." എന്ന് അതിന്‍ മുമ്പടിച്ച "വെള്ളത്തീന്റെ" എഫക്ടില്‍ പറയുന്നത് കേട്ടു... ചോദിക്കാന്‍ പോയാല്‍ ഞങ്ങള്‍ തന്നെ ഷട്ടര്‍ തുറന്ന് കൊടുക്കേണ്ടി വരുമെന്നതിനാല്‍ നിന്നില്ല... സ്ഥലം വിട്ടു.... വണ്ടി കവലയിലേക്ക്....
----------------------------------------------------------------------------------------------
ഞങ്ങളുടെ കൂടെവന്ന പള്‍സര്‍ കുമാരന്‍, പ്പോണപോക്കില്‍ തൃപ്രയാര്‍ പാലത്തിന്റെ അടുത്തെത്തിയപ്പോ, പുഴയിലെ വെള്ളം കണ്ടപ്പോള്‍ പെട്ടെന്ന് സംഭ്രമം ഉണ്ടായെന്നും, പുത്തന്‍ പള്‍സറിന്റെ രണ്ട് ഇന്‍ഡിക്കേറ്ററകളും പാലത്തിന്റെ കൈവരിയില്‍ മറന്ന് വച്ച് പോന്നെന്നും ഉടനടി അപ്ഡേറ്റ് കിട്ടി... അതല്ല തിരക്കിനിടയില്‍ ഇന്‍ഡിക്കേറ്റര്‍ നഷ്ടമാവാതിരിക്കാന്‍ ലവന്‍ തന്നെ ഊരി കയ്യില്‍ പിടിച്ചതാണെന്നും പറയപ്പെടുന്നുണ്ട്... എന്തായാലും ലവന്‍ എല്ലാം കഴിഞ്ഞ് 1 വീക്ക് കഴിഞ്ഞാണ്‍ തിരിച്ചെത്തിയത്....
------------------------------------------------------------------------------------
വീണ്ടും ഞങ്ങളുടെ തട്ടകത്തീലെത്തി... കിട്ടിയ വിവരങ്ങള്‍ പരസ്പരം അവിടെ ഉണ്ടായിരുന്നോരുമായി കൈമാറി... പ്രതീക്ഷിച്ചിരുന്ന പലരും കടന്നുപോയതായി അറിയാന്‍ പറ്റി... അങ്ങനെ ഇരിക്കുമ്പോള്‍ 8-10 ബൈക്കുകള്‍ ദാണ്ടെ പോണു പടിഞ്ഞാറോട്ട് .. അങ്ങ അറബികടലിന്റെ ദിശയില്‍.... എല്ലാരും കൂടെ ഓപ്പസിറ്റ് ഡിറക്ഷനില്‍ ഡ്ഡെസ്റ്റിനേഷന്‍ അന്വേഷിച്ച്പോയിക്കൊണ്ടിരിക്കുമ്പോള്‍ ലവന്മാര്‍ ഇതെവിടേക്കാ എന്ന് ഒരു പിടിയും കിട്ടിയില്ല,,,, ഒരു 10മിനിട്ട് തികച്ചില്ല ..... ആ 8-10 ബൈക്ക്കള്‍ അതേ സ്പീഡില്‍ തിരിച്ച് വന്നു... കടല്‍ ഒരു 100 മീറ്റര്‍ ഉള്ളിലേക്ക് ഇറങ്ങിക്കിടക്കുന്നത് കണ്ടുവെന്നും , അതു കണ്ടിട്ടാണു ലവന്മാര്‍ വിടല്‍ വിട്ടതെന്നും മനസ്സിലായി ...
അതേപോലെ കടല്‍ ഇറങ്ങിക്കിടക്കുന്നത് കണ്ടിട്ട് അതിന്റെയുള്ളില്‍ മുത്ത് പെറുക്കാനും, സ്രാവിനെപ്പിടിക്കനും പോയതുകൊണ്ടാണ്‍ കുറേ ഇന്‍ഡോനേഷ്യക്കാര്‍ കഴിഞ്ഞാഴ്ച ചരമക്കോളത്തിലും ഫ്ലാഷ് ന്യൂസിലും കേറി ചിരിച്ചുകൊണ്ടിരുന്നത്.... അതുകൊണ്ട് ഞങ്ങളും കടല്‍കാണാന്‍ പോവണ്ടാന്ന് വെച്ചു...
4 ഏഎം
ഏതാണ്ടെല്ലാവരും സ്ഥലം വിട്ടുകഴിഞ്ഞു... ഞങ്ങള്‍ കുറഛ് പിള്ളേരും അടുത്ത് പുറത്തുള്ള ചേട്ടന്മാരുമുണ്ട് ...
പക്ഷേ നേരം വെളുക്കെ വെളുക്കേ പലരും പോയപോലെ തന്നെ പെട്ടിയും കിടക്കയുമെടുത്തുകൊണ്ട് തിരിച്ച് വന്നുതുടങ്ങി.... റ്റീവി ന്യൂസില്‍ സുനാമി ഭീഷണി ഒന്നുമില്ലെന്നും ആളുകള്‍ വെറുതേ പേടിച്ചോടണ്ടകാര്യമില്ലെന്നും ന്യൂസ് റീഡര്‍മാര്‍തൊണ്ടപൊട്ടി പറഞ്ഞതിന്‍ ഫലമുണ്ടായി .... നേരം വെളുത്തപ്പോഴേക്കും പോയവര്‍ മിക്കവരും തിരിച്ചെത്തി........
ഇതിലേറ്റവും രസമുള്ള കാര്യമെന്താണെന്നു വെച്ചാല്‍ കടലിന്റെ തൊട്ടടുത്ത് താമസിക്കുന്നവര്‍ ആരുംതന്നെ വീട് വിട്ട് പോയില്ല... അതിലും ദൂരെതാമസിക്കുന്നവര്‍ക്കായിരുന്നു ജീവന്‍ രക്ഷിക്കാന്‍ തിരക്ക്... 6-7 മണിക്കൂറിനുള്ളില്‍ പലയിടത്തും വെള്ളം കേറിയെന്നും **** നമ്പര്‍ ആള്‍ക്കാര്‍ മരിച്ചെന്നും ഇല്ലെന്നുമൊക്കെ പല കരക്കമ്പികളും വന്നു,,,, യധാര്‍ത്ഥത്തില്‍ സുനാമിപോയിട്ടൊരു വലിയ തിരപോലും ആ രാത്രി അടിച്ചില്ല .....
ആള്‍ക്കാര്‍ ജീവനുംകൊണ്ടോടുകയായിരുന്നെങ്കിലും, പലരും അതിനിടയ്ക്കും കാണിച്ചു കൂട്ടിയ കോപ്രായങ്ങളും വങ്കത്തരങ്ങളും ഇപ്പോഴും ചിരിയുണര്‍ത്തുന്ന ഓര്‍മ്മകളാണ്.....
ജീവന്‍ തന്നെയാണെല്ലാര്‍ക്കും വലുതെന്ന് നാട്ടുകാര്‍ കാണിച്ച് തന്നു.... കുടുംബാക്കാരേ മൊത്തം ഓരോ ഇടത്തില്‍ കൊണ്ടുപോയാക്കി ഞങ്ങളും "കടമ" നിര്‍വ്വഹിച്ചു .......
---------------------------------------------------------------------------------------------------
ഈ നടന്നതിനൊക്കെയും കാരണം പോലീസുകാരുടെ ഒരൊറ്റ അനൌണ്‍സ്മെന്റ് മാത്രമായിരുന്നൂന്ന് ഞങ്ങളുടെ പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസ്സിലായി .....
"ആരും കടലിലേക്ക് ഇറങ്ങുകയോ, മത്സ്യ ബന്ധനത്തിന്‍ പോവുകയോ ചെയ്യരുത്, തികഞ്ഞ ജാഗ്രത പാലിക്കുക"
പോലീസ് അവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഒരേ ഒരു കാര്യമായ വാണിംഗ് മെസേജ് കൊടുത്തു...
ശേഷം ഇതും കൂടെ....
"ആരും പരിഭ്രാന്തരായി വീടു വിട്ട് പോവണ്ടകാര്യമില്ല.... ഇനി അങ്ങനെ സുനാമി വന്നാലും അതിന്‍ അത്രമാത്രം ശക്തിയൊന്നും ഉണ്ടാവാന്‍ സാധ്യതയില്ല..." എന്നു മാത്രം!!
പക്ഷേ നാട്ടുകാര് അപ്പോഴത്തേക്കും ഓട്ടം തുടങ്ങിയിരുന്നു....